ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കെതിരെ പിടിമുറുക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി). ബെംഗളൂരു ലഹരി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റ് ചെയ്‌തത്.
കേസിൽ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് ചോദ്യം ചെയ്യലിനിടെ ബിനീഷിനെക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രതിയായ അനൂപിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനീഷ് പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് അന്വേഷണ സംഘത്തിന് കേസിൽ ബിനീഷിന്‍റെ പങ്ക് സംബന്ധിച്ച് സംശയമുണ്ടാകുന്നത്. അനൂപിന് റസ്റ്റോറന്‍റ് നടത്താൻ എന്ന പേരിൽ ബിനീഷ് വലിയ തുക നൽകിയരുന്നതായും വിവരമുണ്ട്. മയക്കുമരുന്ന് സംഘത്തിലുള്ളവർ പ്രധാനമായും ഒത്തുകൂടിയിരുന്ന ബനസ്‌വാടിയിലെ കമ്മനഹള്ളിക്കടുത്താണ് റെസ്റ്റോറന്‍റ് സ്ഥിതിചെയ്യുന്നത്. അതിനാലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ കസ്റ്റഡിയിലെടുക്കാൻ എൻസിബി നീങ്ങുന്നത്.