ന്യൂഡൽഹി: മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ സ്വന്തമാക്കുകയാണ് നാവികസേനയുടെ ദീർഘകാല പദ്ധതിയെന്ന് നാവികസേനാ മേധാവി അഡ്മിറൽ കരമ്പിർ സിംഗ്. 2022 ഓടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി പൂർണമായും പ്രവർത്തനക്ഷമമാകുമെന്നും മിഗ് -29 കെ വിമാനങ്ങൾ ഉണ്ടായിരിക്കുമെന്നും കരമ്പിർ സിംഗ് അറിയിച്ചു.ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ നാവികസേന പൂർണ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
നാവികസേനയുടെ വാർഷിക ബജറ്റ് വിഹിതം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞു. മേഖലയിലെ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി പ്രവർത്തിക്കാൻ സേന തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് മുതൽ എട്ട് വരെ ചൈനീസ് കപ്പലുകൾ സാധാരണയായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഉണ്ടെന്നും ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെയും സാന്നിധ്യമുണ്ടെന്നും അഡ്മിറൽ സിംഗ് വ്യക്തമാക്കി.
ചൈനീസ് നാവികസേനയുടെ വിപുലീകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് "അവർ അവർക്ക് കഴിവുള്ള വേഗതയിൽ സഞ്ചരിക്കുകയാണെന്നും, ഞങ്ങൾക്ക് കഴിവുള്ള സ്ഥലത്തേക്കാണ് ഞങ്ങൾ നീങ്ങുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.