ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം അനുഛേദം റദ്ദാക്കി ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ പാകിസ്ഥാന്‍ രംഗത്തെത്തിയതോടെ ഇന്ത്യന്‍ നാവികസേന അതീവ ജാഗ്രത നിര്‍ദേശം നല്‍കി. പാകിസ്ഥാനില്‍ നിന്ന് ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ടാണ് നീക്കം. ഇതിനായി നാവികസേനയുടെ എല്ലാ താവളങ്ങളും യുദ്ധക്കപ്പലുകളും പൂര്‍ണ്ണ സജ്ജമാക്കിയിരിക്കുകയാണ്. വിഷയത്തില്‍ യുഎന്‍ അടിയന്തരമായി ഇടപെടണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.
ഏതു വിധേനയും ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നീക്കത്തെ എതിര്‍ക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതായി പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. അതേസമയം, പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് എന്ത് നീക്കം ഉണ്ടായാലും തിരിച്ചടിക്കാന്‍ സൈന്യം സജ്ജമാണെന്ന് ലഫ്റ്റനന്‍റ് ജനറല്‍ കെജെഎസ് ദിലണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാകിസ്ഥാന്‍ തരംതാഴ്ത്തി. ഉഭയകക്ഷി വ്യാപാര ബന്ധം വിച്ഛേദിച്ചു, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമമേഖല ഭാഗികമായി അടക്കുകയും ചെയ്തു.