ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച നരേന്ദ്ര മോദി തുടര്‍ച്ചയായ രണ്ടാം വട്ടവും ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നരേന്ദ്ര മോദിക്ക് പിന്നാലെ രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മോദി സര്‍ക്കാരില്‍ ഗതാഗത മന്ത്രാലയം കെെകാര്യം ചെയ്തിരുന്ന നിതിന്‍ ഗഡ്കരി, പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ച നിര്‍മല സീതാരാമന്‍, എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അംഗമായി രാംവിലാസ് പാസ്വാന്‍ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിയായി.
സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുമ്പോൾ ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല. എന്നാല്‍ ചടങ്ങ് നടക്കുന്ന രാഷ്ട്രപതിഭവനിൽ സുഷമ സ്വരാജും എത്തിയിട്ടുണ്ട്. യുപിഎ ചെയര്‍ പേഴ്സണ്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗും ചടങ്ങിന് എത്തിയിട്ടുണ്ട്.