ചെന്നൈ: നാഗപട്ടണം ജില്ലയിലെ വേദരണ്യത്തിനടുത്തുള്ള കുറവക്കുപ്പത്തിൽ നിന്നുള്ള കർഷക കുടുംബത്തിലെ അംഗമാണ് സിദ്ധ ഡോക്ടറായ ശരവണകുമാരന്‍. റിപ്പബ്ലിക് ദിനത്തിൽ കാർഷിക രംഗത്തെ അഞ്ചുവർഷത്തെ പരിശ്രമത്തിന് ജില്ലാ ഭരണകൂടം ഇദ്ദേഹത്തെ ആദരിക്കും. 1030 പരമ്പരാഗത നെല്ലിനങ്ങൾ ശേഖരിച്ച് സംഭരിച്ചതിനാണ് അദ്ദേഹത്തെ ആദരിക്കുന്നത്.
ശരവണകുമാരന്‍റെ പിതാവ് പരംജ്യോതി കഴിഞ്ഞ 50 വർഷമായി കൃഷി ചെയ്‌താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പരമ്പരാഗത കൃഷി രീതിയാണ് ഇവർ തുടർന്നു പോരുന്നത്. പ്രകൃതിയോടും പൈതൃകത്തോടുമുള്ള സ്നേഹം കാരണം നഷ്ടപ്പെട്ട പരമ്പരാഗത നെല്ലിനങ്ങളെ വീണ്ടെടുക്കാൻ ശരവണകുമാരൻ തീരുമാനിച്ചു. തമിഴ്‌നാട്ടിൽ മാത്രമല്ല ഇന്ത്യയിലുടനീളമുള്ള 130 നെല്ലിനങ്ങളെ പുനരുജ്ജീവിപ്പിക്കുകയും കൃഷിസ്ഥലത്ത് നട്ടുപിടിപ്പിക്കുകയും ചെയ്‌തു.
വംശനാശം സംഭവിച്ച ഇനങ്ങൾ വീണ്ടെടുക്കാനുള്ള ദൃഢ നിശ്ചയത്തോടെ ഒറീസ, പശ്ചിമ ബംഗാൾ, ആന്ധ്ര, കർണാടക, ഛത്തീസ്‌ഗഡ്, മണിപ്പൂർ തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച അദ്ദേഹം 1030 വിത്തിനങ്ങൾ ശേഖരിച്ച് സംഭരിച്ചിട്ടുമുണ്ട്. പുരാതന കാലം മുതൽ ഇന്ത്യയിൽ 22,000 ത്തിലധികം നെല്ലിനങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ എണ്ണമറ്റവ മാത്രമേ കണ്ടെത്താൻ കഴിയൂ എന്ന് ശരവണകുമാരൻ പറയുന്നു. തന്‍റെ രണ്ടര ഏക്കർ സ്ഥലത്ത് ഓരോ ഇനത്തിനും നാൽപത് ചതുരശ്ര അടി എന്ന തോതിൽ അദ്ദേഹം പുതിയ വിത്തുകൾ വിതച്ചിട്ടുണ്ട്. ഇത് പരമ്പരാഗത നെല്ലിന്‍റെ തിരിച്ചുവരവിന് തുടക്കമാകുമെന്നും ഇദ്ദേഹം പറയുന്നു. രാസവളങ്ങൾ, കീടനാശിനികൾ എന്നിവയ്‌ക്കായി പണം ചെലവഴിക്കുന്നില്ല. വെള്ളപ്പൊക്കം, വരൾച്ച, പ്രാണികളുടെ ആക്രമണം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിടാൻ വിത്തിനങ്ങൾക്ക് സ്വന്തമായി കഴിയുമെന്നും ശരവണകുമാരൻ ഇടിവി ഭാരതിനോട് പറഞ്ഞു. ഈ പുരാതന ഇനങ്ങൾ പരമ്പരാഗത നെൽകൃഷി ചെയ്യുന്ന കർഷകരിലേക്ക് എത്തിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ഉത്സാഹത്തോടെ അദ്ദേഹത്തിന്‍റെ ദൗത്യത്തിൽ പങ്കു ചേരുന്നുണ്ട്. തങ്കത്ത് തമ്പ, സോർനാമുകി, സോർനാമള്ളി, വാഡെൻ സാംബ, പുഴുദ്ദിക്കാർ, ചെങ്ങൽപട്ടു സിരുമാണി, സോർണവാരി തുടങ്ങിയവ ശരവണകുമാരൻ വീണ്ടെടുത്ത പരമ്പരാഗത വിത്തിനങ്ങളിൽ ചിലതാണ്.