ന്യൂഡൽഹി: കൊവിഡ് ബാധിച്ചവരെ പാർപ്പിക്കാനുള്ള ക്വാറന്‍റൈൻ കേന്ദ്രങ്ങളെക്കുറിച്ച് കേരള സർക്കാർ കള്ളം പറഞ്ഞുവെന്ന ആരോപണവുമായി ഭാരതീയ ജനതാ പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദ. സംസ്ഥാനത്തിന്‍റെ മെഡിക്കൽ ഡാറ്റയിൽ വിട്ടുവീഴ്ച നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ആവശ്യത്തിന് ക്വാറന്‍റൈൻ സെന്‍ററുകൾ ഉണ്ടെന്ന് പിണറായി സർക്കാർ പറഞ്ഞിരുന്നുവെന്നും എന്നാൽ അത്തരത്തിൽ ഒന്നും സംസ്ഥാനത്ത് ഇല്ലെന്നും നദ്ദ ആരോപിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജനങ്ങൾ കഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പുതുതായി നിർമ്മിച്ച ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ അതിഥി തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം നടത്തേണ്ടിവന്നതായും അദ്ദേഹം നദ്ദ പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് കേരളത്തിൽ രാഷ്ട്രീയ സംരക്ഷണം നൽകിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്തെ മെഡിക്കൽ ഡാറ്റയിൽ വിട്ടുവീഴ്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ നയിക്കുന്ന കേരള സർക്കാർ അഴിമതി നിറഞ്ഞതാണെന്നും നിയമനങ്ങളിൽ "സ്വജനപക്ഷപാതം" കാണിക്കുന്നുണ്ടെന്നും ജെ പി നദ്ദ ആരോപിച്ചു.
കേരള സർക്കാർ അക്രമത്തിൽ വിശ്വസിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് സിപിഎം സ്പോൺസർ ചെയ്ത അക്രമങ്ങൾ വ്യാപകമാണ്. ഇത്തരം അക്രമങ്ങളിൽ 270 പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും ജെ പി നദ്ദ ആരോപിച്ചു.
ഫണ്ട് ദുരുപയോഗം ചെയ്യൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, രാഷ്ട്രീയ നിയമനങ്ങളിൽ സ്വജനപക്ഷപാതം, രാഷ്ട്രീയ സംരക്ഷണം തുടങ്ങി നിരവധി അക്രമങ്ങൾ പിണറായി സർക്കാരിന് കീഴിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണ വിധേയമാക്കേണ്ട നിരവധി കാര്യങ്ങൾ സിഎജി ഓഡിറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യുഡിഎഫും എൽഡിഎഫും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്നും ഇത്തരം പാർട്ടികളോട് പോരാടുന്നതിന് കേരളത്തിലെ ജനങ്ങൾ ബിജെപിയെ അനുഗ്രഹിക്കണമെന്നും ഭാരതീയ ജനതാ പാർട്ടി പ്രസിഡന്‍റ് ജെ പി നദ്ദ അഭ്യർഥിച്ചു.
കേരളത്തിൽ ബിജെപി അധികാരത്തിൽ ഇല്ലെങ്കിലും സംസ്ഥാനത്തിന്‍റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 17 നഗരങ്ങളെ അമൃത് ധാര പദ്ധതിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും എട്ട് നദികളിലെ നദീതട ഗതാഗത വികസനത്തിനായി 1,000 കോടി രൂപ അനുവദിച്ചതായും 17 ഫുഡ് പാർക്കുകൾ കേരളത്തിൽ കൊണ്ട് വരുമെന്നും നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് വികസനം കൊണ്ടുവരാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും നദ്ദ കൂട്ടിച്ചേർത്തു.