ഭോപാല്‍: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ കൊവിഡ് 19മൂലം നിയമസഭാ സമ്മേളനം 26ലേക്ക് മാറ്റി. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദേശവും നടപ്പിലായില്ല. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയതിന് പിന്നാലെയാണ് സഭാ സമ്മേളനം നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിച്ചത്.
അതേസമയം ഉടന്‍ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സ്പീക്കറെ ഉപയോഗിച്ച് കോണ്‍ഗ്രസ് ഭരണഘടന അട്ടിമറിക്കുന്നെന്നാണ് ബിജെപിയുടെ പരാതി. വിമത എംഎല്‍എമാര്‍ വഴങ്ങിയെങ്കില്‍ വോട്ടെടുപ്പ് അന്തമായി നീട്ടിവെക്കാനും സര്‍ക്കാരിന് കഴിയില്ല. നിലവില്‍ 92 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. സ്വതന്ത്രരും എസ്‌പി, ബിഎസ്‌പി എംഎല്‍എമാരും കൂടിയാകുമ്പോള്‍ പരമാവധി 99 എംഎല്‍എമാരുടെ പിന്തുണ കൂടിയേ കമല്‍നാഥ് സര്‍ക്കാരിനുള്ളൂ.
കൊവിഡ് 19 രോഗം വ്യാപിച്ചതിനെത്തുടര്‍ന്ന് സമ്മേളനം മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പാര്‍ലമെന്‍ററി കാര്യമന്ത്രി ഗോവിന്ദ് സിംഗാണ് വിദഗ്ധ ഉപദേശത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.