ജോധ്പൂര്‍: ആരോഗ്യമേഖലയിലുള്‍പ്പെടെ മറ്റ് മേഖലകളിലെല്ലാം രാജ്യം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഭരണകൂടം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ജോധ്പൂരില്‍ എയിംസില്‍ നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി എയിംസ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും 24 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇവരുടെ പ്രവർത്തനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഡല്‍ഹി എയിംസിന് ശേഷം കൂടുതല്‍ പേരും ആശ്രയിക്കുന്നതും ഇഷ്ടപ്പെടുന്നതും ജോധ്പൂര്‍ എയിംസാണ്. രാജസ്ഥാന്‍റെ തെക്കന്‍ മേഖലകളിലെ ആരോഗ്യസംരക്ഷണവും മെഡിക്കല്‍ വിദ്യാഭ്യാസവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജോധ്പൂരില്‍ എയിംസ് സ്ഥാപിച്ചത്. ആരോഗ്യ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സര്‍ക്കാരിന് മികച്ച പങ്കുണ്ട്. അതില്‍ ജോധ്പൂര്‍ എയിംസ് നിര്‍ണായക പങ്കാണ് വഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
വിദ്യാര്‍ഥികളും ഡോക്ടര്‍മാരും അവരുടെ കഴിവുകള്‍ അനുസരിച്ച് പ്രൊഫഷണലിസം നിലനിര്‍ത്തണമെന്നും ആളുകളുടെ ജീവിതം മെച്ചപ്പെടുത്തണമെന്നും പ്രസിഡന്‍റ് പറഞ്ഞു. ജീവിതത്തിൽ വിജയിക്കാൻ സത്യം, സ്നേഹം, അനുകമ്പ തുടങ്ങിയ മൂല്യങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും വിദ്യാർഥികളോട് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കേന്ദ്ര ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.