ലക്‌നൗ: കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഡോക്‌ടർ മരിച്ചു. ഉത്തർപ്രദേശിലെ തീർഥങ്കർ മഹാവീർ യൂണിവേഴ്‌സിറ്റി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ഡോക്‌ടറാണ് ഇന്ന് രാവിലെ മരിച്ചത്. കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതിന് ശേഷം കഴിഞ്ഞ എട്ട് ദിവസങ്ങളിലായി ഐസൊലേഷനിലായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായതോടെ രണ്ട് ദിവസം മുമ്പാണ് വെന്‍റിലേഷനിൽ പ്രവേശിപ്പിച്ചത്. ഡോക്‌ടറിന്‍റെ മരണത്തെ തുടർന്ന് കുടുംബാംഗങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതോടെ മൊറാദാബാദ് ജില്ലയിൽ മൂന്ന് പേരാണ് വൈറസ് ബാധയിൽ മരിച്ചത്.
താജ്‌പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്‌ടർ ജോലി ചെയ്‌തിരുന്നത്. പിന്നീട്, മൊറാദാബാദിലെ കൊവിഡ് കൺട്രോൾ റൂമിൽ പ്രവർത്തിച്ചു. ഡോക്‌ടറിന്‍റെ മരണം റിപ്പോർട്ട് ചെയ്‌തതോടെ ആശുപത്രി അടച്ചുപൂട്ടി. ഇവിടെത്തെ ജീവനക്കാരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൂടാതെ, ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും ജീവനക്കാരും ഇപ്പോൾ ഗാർഹിക നിരീക്ഷണത്തിലാണുള്ളത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1084 ആണ്. ഇതിൽ 17പേർ മരിക്കുകയും 108പേർക്ക് രോഗം ഭേദമാവുകയും ചെയ്‌തിട്ടുണ്ട്.