ലഖ്‌നൗ: ഉത്തർ പ്രദേശിലെ മീററ്റ് മെഡിക്കൽ കോളജിലെ മെഡിക്കൽ ലാബിൽ നിന്ന് കൊവിഡ് പരിശോധന സാമ്പിളുകളുമായി കുരങ്ങുകൾ കടന്നു കളഞ്ഞു. മരത്തിന് മുകളിലിരുന്ന് കുരങ്ങൻ സാമ്പിൾ കളക്ഷൻ കിറ്റുകൾ ചവയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ കുരങ്ങുകൾ വഴി കൊവിഡ് ബാധിതരാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും കൊവിഡ് രോഗികളുടെ സാമ്പിളുകൾ അല്ലെന്നും കൊവിഡ് രോഗം സംശയിക്കുന്നവരുടെ പരിശോധനാ സാമ്പിളാണെന്നും മീററ്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.കെ ഗാർഗ് പറഞ്ഞു. നിലവിൽ പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇവരിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ച് പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.