വാരണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ വന്‍ പദ്ധതികള്‍. 26 പദ്ധതികളിലായി 1500 കോടി രൂപയാണ് മേഖലയില്‍ മുടക്കുന്നത്. ഈ മാസം 16ന് മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ത്തിയായ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യുകയും പുതിയവയ്‌ക്ക് തറക്കല്ലിടുകയും ചെയ്യും. സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തിയ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ മെഡിക്കല്‍ കോളജ് നവീകരണമാണ് പ്രധാനപ്പെട്ടത്. എയിംസിന്‍റെ നിലവാരത്തിലേക്കാണ് ബനാറസ് സര്‍വകലാശാലയിലെ മെഡിക്കല്‍ കോളജിനെ ഉയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. പുതുക്കി പണിത ചൗക്കഗാട്ട് ലഹര്‍ത്താര ഫ്ലൈഓവറും മോദി ഉദ്‌ഘാടനം ചെയ്യും.
ലാല്‍പ്പൂരിലെ ഡിഡിയു ട്രേഡ് ഫെലിസിറ്റേഷന്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ 208 കോടി രൂപ ചിലവിലുള്ള വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടും. ഇതിന് മുന്നോടിയായി 6.50 കോടി രൂപ ചിലവില്‍ നിര്‍മിച്ച പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്യായയുടെ പ്രതിമയും മോദി ഉദ്‌ഘാടനം ചെയ്യും. വാരാണസി സന്ദര്‍ശനത്തിന്‍റെ ഭാഗമായി ജംഘംബാദി മഠത്തില്‍ നടക്കുന്ന വീരശൈവ മഹാകുഭത്തിന്‍റെ സമാപന ചടങ്ങുകളിലും മോദി പങ്കെടുക്കും. ചടങ്ങില്‍ സിദ്ധാന്ത ശിഖാമണിയുടെ 19 ഭാഷകളിലേക്കുള്ള തര്‍ജിമ പ്രകാശനം ചെയ്യും.