ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിലും ബിജെപി കൊയ്തത് മികച്ച നേട്ടം. 74 സീറ്റുകൾ ബിഹാറിൽ ബിജെപി സ്വന്തമാക്കി. ജെഡിയുവിന് 43 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇപ്പോൾ ബിജെപിയ്ക്ക് മേൽക്കൈ ഉണ്ടെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
75 സീറ്റുകളുള്ള ഏറ്റവും വലിയ ഒറ്റ പാർട്ടിയായി ആർജെഡി മാറി. 110 സീറ്റുകൾ ഗ്രാൻഡ് അലയൻസ് നേടി. വിജയം ആഘോഷിക്കുന്നതിനായി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് സ്വീകരണം നടക്കും. ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ വൈകുന്നേരം 5 മണിക്ക് പാർട്ടി ആസ്ഥാനത്ത് എത്തും. വൈകിട്ട് ആറിന് പ്രധാനമന്ത്രി മോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവരും മറ്റ് അംഗങ്ങളും ഇന്ന് രാത്രി ബിജെപി പാർലമെന്‍ററി ബോർഡ് യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.