മുബൈ: ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നത് പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണെന്ന എന്‍സിപി നേതാവ് സുപ്രിയ സുലെ. വിഷയത്തില്‍ ഇരുവരും തമ്മില്‍ യാതൊരു ചര്‍ച്ചയില്‍ നടത്തിയിട്ടില്ലെന്നാണ് തോന്നുന്നതെന്നും സുപ്രിയ പരിഹസിച്ചു.
"ഞാന്‍ പാര്‍ലമെന്‍റില്‍ ഉള്ളപ്പോഴാണ് ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒന്നില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വിഷയത്തില്‍ പരസ്‌പരവിരുദ്ധമായാണ് ഇരു നേതാക്കളും സംസാരിക്കുന്നത്. ഇവര്‍ പരസ്‌പരം സംസാരിക്കാറില്ലെന്നാണ് എനിക്ക് തോന്നുന്നത്" - സുപ്രിയ സുലെ പറഞ്ഞു.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതിന് കാരണം ബിജെപി സര്‍ക്കാരാണെന്ന് ആരോപിച്ച സുപ്രിയ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ ഭയക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ദേശീയ പൗരത്വ പട്ടികയ്‌ക്കും, ദേശീയ പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ അഗ്രിപാഡയില്‍ സ്‌ത്രീകള്‍ നടത്തിയ പ്രതിഷേധത്തിലും സുപ്രിയ സുലെ പങ്കെടുത്തു.