ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിസി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേർന്നു. ഡെഹ്റാഡൂണിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റാലിയിൽ വച്ചാണ് മനീഷ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
മനീഷ് ഖണ്ഡൂരിയുടെ പിതാവ് ബിസി ഖണ്ഡൂരി രാജ്യ സുരക്ഷയെ കുറിച്ച് ചോദിച്ചതിനാണ് മോദി അദ്ദേഹത്തെ പാർലമെന്‍ററി കമ്മിറ്റിയിൽ നിന്നും പുറത്താക്കിയതെന്ന് രാഹുൽ ആരോപിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ 40 ജവാൻമാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ രാജ്യം കരയുമ്പോൾ പ്രധാനമന്ത്രി സിനിമാ ചിത്രീകരണത്തിന്‍റെ തിരക്കിലായിരുന്നെന്നും രാഹുൽ പറഞ്ഞു.
ബിജെപിയിൽ ചേരുന്നതിനുംമുമ്പ്സൈന്യത്തിലെ മേജർ ജനറലായി വിരമിച്ച ബിസി ഖണ്ഡൂരി, തന്‍റെ ജീവിതം മുഴുവൻ രാജ്യത്തിനു വേണ്ടി സമർപ്പിച്ചു. എന്നാൽ പാർലമെന്‍റിൽ രാജ്യ സുരക്ഷയെ പറ്റി ചോദ്യം ഉന്നയിച്ചപ്പോൾ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നെന്നും രാഹുൽ പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി 2007-2009 കാലഘട്ടത്തിലും 2011-2012 കാലഘട്ടത്തിലും ബിസി ഖണ്ഡൂരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2018 സെപ്തംബറിലാണ് അദ്ദേഹത്തെ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ (പ്രതിരോധം) സ്ഥാനത്തു നിന്നും പുറത്താക്കിയത്.