ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിനായുള്ള ചികിത്സ, വാക്‌സിനുകൾ, ഗവേഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി നടത്തിയ ടെലിഫോണിക് സംഭാഷണത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ലോകരാഷ്ട്രങ്ങൾ കൊവിഡിന് എതിരായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ആധുനിക ചരിത്രത്തിൽ കൊവിഡ് പ്രതിസന്ധിയും അതിജീവനവും നാഴികക്കല്ലാകുമെന്നും ആധുനിക വത്ക്കരണത്തിന്‍റെ പുതിയ തലങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ഇരു നേതാക്കളും അറിയിച്ചു
ഫ്രാൻസിൽ കൊവിഡ് മൂലം മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച മോദി, ആഫ്രിക്ക പോലുള്ള രാജ്യങ്ങൾക്ക് ഈ സാഹചര്യത്തിൽ പ്രത്യേക പരിഗണന വേണമെന്നും അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രശ്‌നങ്ങളിലും ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ വേണമെന്ന് ഇരുനേതാക്കളും പറഞ്ഞു.