ന്യൂഡൽഹി: വിവാദ പരാമർശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീന്‍ ചിറ്റ് നൽകിയതിനെതിരെ കോൺഗ്രസ് പ്രതിഷേധം അറിയിച്ചു. രാജ്യത്ത് 'മോഡൽ കോഡ് ഓഫ് കണ്ടക്ട്' ( മാതൃകാ പെരുമാറ്റച്ചട്ടം ) അല്ല 'മോദി കോഡ് ഓഫ് കണ്ടക്ട്' ആണ് നിലനിൽക്കുന്നതെന്ന് ( മോദി പെരുമാറ്റച്ചട്ടം ) ഇപ്പോൾ വ്യക്തമായെന്നും കോൺഗ്രസ് ആരോപിച്ചു. 324-ാം വകുപ്പും തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടും മോദിക്കെതിരെ ശിക്ഷാ നടപടിയുണ്ടാകാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും, ഒരേ രാജ്യത്ത് മോദി ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും എന്ന രീതി പാടില്ലെന്നും കോൺഗ്രസ് വക്താവ് റൺദീപ് സുർജേവാല പറഞ്ഞു.
മഹാരാഷ്ട്രയിലെ വർധയിൽ ഏപ്രിൽ ഒന്നിന് നടത്തിയ വിവാദ പ്രസ്താവനയ്ക്കാണ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. 'ന്യൂനപക്ഷം ഭൂരിപക്ഷമായ ഇടത്താണ് രാഹുൽ ഗാന്ധി അഭയം തേടുന്നത്’ – ഇതായിരുന്നു മോദിയുടെ പരാമർശം. മോദി നടത്തിയ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടില്ലെന്നും വിദ്വേഷ പ്രസംഗമല്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.