പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവിനെയും പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും നേതൃത്വം നൽകുന്ന മഹാഗഡ്ബന്ധനെതിരെയാണ് മോദിയുടെ പരാമർശം. സംസ്ഥാനത്തിന്‍റെ വികസനത്തിന് പ്രതിജ്ഞാബദ്ധരായ, ഇരട്ട എഞ്ചിൻ ശേഷിയുള്ള സർക്കാർ ബിഹാറിലുണ്ട്. എന്നാൽ മറുവശത്ത് സിംഹാസനത്തിന് വേണ്ടി പോരാടുന്ന രണ്ട് 'യുവരാജാക്കന്മാരാണ്' ഉള്ളതെന്നും മോദി പരിഹസിച്ചു. രണ്ട് പേരിൽ ഒരാൾ 'ജംഗിൾ രാജ്' ആണെന്നും മോദി കൂട്ടിച്ചേർത്തു. ബിഹാറിലെ ഛപ്രയിൽ നടന്ന പൊതുറാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന്-നാല് വർഷങ്ങൾക്ക് മുൻപ് യുപിയിൽ തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് യുവരാജക്കന്മാരെ നിങ്ങൾ കണ്ടുകാണും. കറുത്ത ജാക്കറ്റ് അണിഞ്ഞ്, വാഹനത്തിന് മുകളിൽ കയറി, കൈകൾ വീശി.. ഗ്രാമവാസികളെ സന്ദർശിക്കാൻ എത്തിയിരുന്നതായും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ബിഹാറിൽ ഒരിക്കൽ കൂടി ബിജെപി സർക്കാർ നിലവിൽ വരുമെന്ന ആത്മവിശ്വാസവും മോദി പ്രകടിപ്പിച്ചു.
71 സീറ്റുകളിലേക്കുള്ള ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28നാണ് നടന്നത്. 243 അംഗ നിയമസഭയിലെ ശേഷിക്കുന്ന 172 മണ്ഡലങ്ങളിൽ നവംബർ മൂന്ന്, ഏഴ് ദിനങ്ങളിലായി വോട്ടെടുപ്പ് നടക്കും. നവംബർ 10ന് ഫലങ്ങൾ പ്രഖ്യാപിക്കും.