ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുടെ കടന്നുകയറ്റമുണ്ടായെന്ന ഔദ്യോഗിക രേഖ പ്രതിരോധ മന്ത്രാലയം പിൻവലിച്ചു. 'മേജർ ആക്‌ടിവിറ്റീസ് ഓഫ് ഡിഫൻസ് ഫോർ ദി മന്ത് ഓഫ് ജൂൺ' എന്ന ഡോക്യുമെന്‍റിലാണ് ചൈന കിഴക്കൻ ലഡാക്കിൽ കടന്നുകയറിയെന്ന വിവരം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ചയാണ് മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ രേഖ അപ്‌ലോഡ് ചെയ്‌തത്. ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഔദ്യോഗിക രേഖ പ്രതിരോധ മന്ത്രാലയം പിൻവലിച്ചത്.
മെയ് 17, 18 ദിവസങ്ങളിലായി നോർത്ത് ബാങ്ക് ഓഫ് പാങ്കോംഗ് സോ, ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര എന്നിവിടങ്ങളിൽ പിഎൽഎ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് പരാമർശിക്കുന്നു. ചൈന ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ നിലപാടിനെ ഖണ്ഡിക്കുന്നതാണ് ഈ രേഖ. ഇന്ത്യയും ചൈനയുമായി ഗാൽവാൻ താഴ്‌വരയിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടമായിരുന്നു.