ഐസ്വാൾ: കൊവിഡ് ഫ്രീ ടാഗ് നേടാൻ മിസോറാമിന് തിരക്കില്ലെന്നും എപ്പോൾ വേണമെങ്കിലും സംസ്ഥാനത്ത് പുതിയ കൊവിഡ് കേസ് കണ്ടെത്താമെന്നും ആരോഗ്യമന്ത്രി ആർ ലാൽതാംഗ്ലിയാന.
സംസ്ഥാനത്തെ ഏക കൊവിഡ് രോഗിയുടെ കൊവിഡ് പരിശോധനാ ഫലം ഒന്നിൽ കൂടുതൽ തവണ നെഗറ്റവ് ആണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ഐസ്വാളിനടുത്തുള്ള സോറം മെഡിക്കൽ കോളജിൽ (ഇസഡ്എംസി) ചികിത്സയിൽ കഴിയുന്ന രോഗിയുടെ പരിശോധന ഫലം നെഗറ്റീവണെങ്കിലും രോഗി ഇതുവരെ സുഖം പ്രാപിച്ചിട്ടില്ലെന്ന് ലാൽതാംഗ്ലിയാന അറിയിച്ചു.
സംസ്ഥാനത്തെ കൊവിഡ് ഫ്രീ ആയി പ്രഖ്യാപിക്കാൻ തിടുക്കം കാണിക്കുന്നില്ലെന്നും സംസ്ഥാനം ഇപ്പോഴും ദുർബലമാണെന്നും എപ്പോൾ വേണമെങ്കിലും പുതിയ കേസ് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള കൊവിഡ് രോഗി ഏപ്രിൽ 27 ന് കൊവിഡ് നെഗറ്റീവായതാണ്. ഇയാളുടെ നാല് സാമ്പിളുകൾ മെയ് ഒന്നിന് സിൽചാറിലേക്ക് അയച്ചതായും അതിന്‍റെ ഫലങ്ങൾ തിങ്കളാഴ്ച ലഭിച്ചുവെന്നും നാല് ഫലങ്ങളും നെഗറ്റീവാണെന്നും ലാൽതാംഗ്ലിയാന പറഞ്ഞു.
ആംസ്റ്റർഡാമിൽ ദൈവശാസ്ത്രത്തിൽ ഉന്നത പഠനം നടത്തിയിരുന്ന അമ്പത് വയസ്സുള്ള രോഗി മാർച്ച് 24 ന് നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മുംബൈയിലെ മിസോറാം ഹൗസിൽ നിന്നുള്ള കൊവിഡ് രോഗിയുടെ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. മിസോറാം ഹൗസില്‍ നിന്നുള്ള എട്ട് രോഗികളിൽ ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ലാൽതാംഗ്ലിയാന പറഞ്ഞു. മിസോറം ഹൗസിലെ സ്റ്റാഫും ഒരു പൗരനുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.