ശ്രീനഗർ: കശ്മീരിലെ ബുഡ്‌ഗാവില്‍ നിന്ന് കാണാതായ 28കാരനെ ജമ്മു- കാശ്മീരിലെ രജൗരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഇയാളുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവാവില്‍ നിന്ന് പ്രതി കല്യാണം നടത്തി കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.
മധ്യ കശ്മീരിലെ ബുഡ്‌ഗാം ജില്ലയിലെ ചരാർ-ഇ- ഷരീഫ് നിവാസിയായ ഗുലാം നബി ഖണ്ടെയെ രണ്ടാഴ്ച മുൻപാണ് കാണാതായത്. ഇതേ തുടർന്ന് ഇയാളുടെ കുടുംബം രജൗരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു . തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഗബ്ബാർ ബുധല്‍ ഗ്രാമത്തിലെ ഷബീർ അഹമദ് ദാറിനെ പൊലീസ് പിടികൂടിയത്.
ഖണ്ടെയെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ ദാർ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ബുദാലിലെ അപ്പർ രാജ് നഗറിൽ പാറകൾക്കടിയിൽ നിന്ന് മൃതദേഹം പൊലീസ് കണ്ടെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തില്‍ രജൗരി അഡീഷണൽ എസ്‌പി ലിയാകിത് അലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണെന്നെന്നും കൂടുതല്‍ ആളുകൾക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുമെന്നും സീനിയർ പൊലീസ് സൂപ്രണ്ട് ചജാൻ കോഹ്‌ലി പറഞ്ഞു.