ന്യൂഡല്‍ഹി: യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ആവര്‍ത്തിച്ച് ഇന്ത്യൻ റെയില്‍വേ. യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവവും മികച്ച അന്തരീക്ഷവും നല്‍കുന്നതിനായി 'സ്വച്ഛ് ഭാരത്, സ്വച്ഛ് റെയിൽവേ' പദ്ധതിയുടെ കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ റെയില്‍വേ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് കീഴില്‍ 2019-20 കാലയളവിൽ മാത്രം 14,916 കോച്ചുകളിലായി 49,487 ബയോ ടോയ്‌ലറ്റുകൾ റെയില്‍വേ സ്ഥാപിച്ചു. ആകെ 68,800 കോച്ചുകളിൽ 2,45,400ലധികം ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
'സ്വച്ഛത കർമ പദ്ധതി'യിലൂടെ 2019-20 കാലയളവില്‍ 200 റെയിൽവേ സ്റ്റേഷനുകൾക്ക് പരിസ്ഥിതി മാനേജ്‌മെന്‍റ് സംവിധാനം നടപ്പിലാക്കുന്നതിനായുള്ള ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. രാജധാനി, ശതാബ്ദി തുടങ്ങിയ ദൂര യാത്ര മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളിലുൾപ്പെടെ 1,100 ട്രെയിനുകളില്‍ ശുചിമുറികൾ, വാതിലുകൾ, ഇടനാഴികൾ, പാസഞ്ചർ കമ്പാർട്ടുമെന്‍റുകൾ എന്നിവ വൃത്തിയാക്കുന്നതിന് ഓൺ ബോർഡ് ഹൗസ് കീപ്പിങ് സർവീസ് (ഒബിഎച്ച്എസ്) സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹാർദപരമായ രീതിയിൽ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാൻ സമഗ്രമായ പദ്ധതികൾ കൊണ്ടുവന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും പുറമെ അവ സംസ്‌കരിക്കുന്നതിനായി പ്ലാസ്റ്റിക് ബോട്ടിൽ ക്രഷിങ് മെഷീനുകൾ (പിബിസിഎം) സ്ഥാപിക്കുന്നതിന് സമഗ്ര മാർഗനിർദേശങ്ങൾ റെയില്‍വേ തയാറാക്കി. 229 സ്റ്റേഷനുകളിലായി 315 ഓളം പിബിസിഎമ്മുകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. 2019-20 കാലയളവിൽ എട്ട് സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റുകളും (എസിഡബ്ല്യുപി) സ്ഥാപിച്ചു.