ന്യൂഡൽഹി: കൊവിഡ് 19നെ നേരിടാൻ പുതിയ മാര്‍ഗ നിര്‍ദേശങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളും(standard operating procedure)(എസ്ഒപി) പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ എസ്‌ഒപി പ്രകാരം കൊവിഡ് ലക്ഷണങ്ങളുള്ള എല്ലാ രോഗികളെയും ഐസോലേഷനിൽ പ്രവേശിപ്പിക്കണം. കൂടാതെ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസ് കര്‍ശനമായും അണുവിമുക്തമാക്കണം. കൊവിഡ് 19ന്‍റെ ലക്ഷണങ്ങളെക്കുറിച്ച് (പനി, ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്) ആംബുലൻസ് ഡ്രൈവര്‍മാരെ ബോധവല്‍കരിക്കണമെന്നും എസ്ഒപി നിര്‍ദേശിക്കുന്നു.
ഇവ കൂടാതെ വൈറസ് ലക്ഷണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രാലയം ഉത്തരങ്ങൾ നൽകുകയും അണുബാധയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (Personal Protective Equipment (PPE)) പ്രയോഗത്തെക്കുറിച്ചും പ്രത്യേകം പരിശീലനം നൽകുകയും ചെയ്യും. കൊവിഡ് ലക്ഷണങ്ങളുള്ള രോഗിയുമായി ഇടപെഴകുമ്പോൾ ആംബുലൻസ് ഡ്രൈവറും സഹായിയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കണം. രോഗികൾക്കും പരിചാരകർക്കും മൂന്ന് ലെയർ മാസ്കും കയ്യുറകളും നൽകണം. കൂടാതെ കൈകളുടെ ശുചിത്വം, ശ്വസന മര്യാദകൾ തുടങ്ങിയവ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും എസ്പിഒയിൽ പറയുന്നു.
എസ്ഒഎസ് കോൾ ലഭിച്ച ശേഷം ആരോഗ്യ പ്രവർത്തകൻ ഫോണിലൂടെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നും സൂപ്പർവൈസറുടെ നിർദേശത്തിന് ശേഷം വേണ്ട നടപടി സ്വീകരിക്കണമെന്നും എസ്ഒപി പറയുന്നു. എല്ലാ ആഴ്ചയിലും സിഎംഒ നേരിട്ട് സ്ഥിതിഗതികൾ മനസിലാക്കണമെന്നും ആവശ്യമായി മരുന്നും ഉപകരണങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും എസ്ഒപിയിൽ നിര്‍ദേശിക്കുന്നു.