ന്യൂഡല്‍ഹി: ഗംഗ നദി ശുചീകരിക്കുന്നതിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര ജല വകുപ്പ് മന്ത്രി ശക്തി ഗജേന്ദ്ര ശേഖവത്ത്. ഗംഗയുടെ സംരക്ഷണം സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്വമല്ലെന്നും അത് ജനങ്ങളും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗംഗ നദി ശുചീകരിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയായ നവമി ഗംഗ പ്രോജക്ടിന്‍റെ കീഴില്‍ 2,300 കോടി രൂപയാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മലിനജല സംസ്‌കരണം, നദിയുടെ ഉപരിതലം വൃത്തിയാക്കൽ, നദീതീരത്തിന്‍റെ പുനർനിര്‍മാണം, ജൈവവൈവിധ്യ സംരക്ഷണം എന്നിങ്ങനെയുള്ള സംരംഭങ്ങളും ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലിനജല സംസ്‌കരണം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ ഗംഗ നദി നൂറു ശതമാനം വൃത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.