ഗുവാഹത്തി: നാഗാലാന്‍റിലും അസമിലും നേരിയ ഭൂചലനം. രണ്ടിടങ്ങളിലായി ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.8 മുതല്‍ 3.4 വരെ തീവ്രത രേഖപ്പെടുത്തി. അപകടത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പടിഞ്ഞാറൻ നാഗാലാന്‍റിലെ വൊഖയിൽ പുലർച്ചെ 5.12ന് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 2.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം പുലർച്ചെ 5.35 ന് വടക്കൻ അസമിലെ തേജ്‌പൂരിലാണ് റിപ്പോര്‍ട്ട് ചെയതത്.
ഭൂമിയുടെ 28 മുതല്‍ 30 കിലോ മീറ്റര്‍ വരെ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഐ.എം.ഡിയുടെ കണക്കനുസരിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാന്‍റ്, മ്യാൻമർ, ബംഗ്ലാദേശ് അതിർത്തികളിലുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് 27 വ്യത്യസ്തവും മിതമായതുമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭൂകമ്പ സാധ്യതയുള്ള ആറാമത്തെ വലിയ പ്രദേശമായാണ് ഇന്ത്യയുടെ പർവതനിരയായ വടക്കുകിഴക്കൻ മേഖലയെ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. 1950ൽ അസമിലുണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയിരുന്നു. ബ്രഹ്മപുത്ര നദി ഗതി മാറിയൊഴുകാന്‍ വരെ ഇത് കാരണമായി.