രാജ്‌കോട്ട്: ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള പ്രത്യേക ശ്രാമിക് ട്രെയിനുകള്‍ റദ്ദാക്കിയെന്ന വ്യാജ സന്ദേശത്തെ തുടര്‍ന്ന് തൊഴിലാളികളുടെ പ്രതിഷേധം. ഷാപ്പാർ വ്യവസായ പ്രദേശത്തെ വാഹനങ്ങൾ തൊഴിലാളികൾ നശിപ്പിച്ചു. പ്രതിഷേധം നടത്തിയവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാജ്‌കോട്ട് എസ്.പി ബല്‍റാം മീണ അറിയിച്ചു.
അക്രമം നടത്തിയവർക്ക് എതിരെ കേസ് എടുക്കുമെന്നും സ്വദേശങ്ങളിലേക്ക് പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്‌കോട്ടില്‍ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഷാപ്പാറിലാണ് തൊഴിലാളികൾ വാഹനങ്ങൾ നശിപ്പിച്ചത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. അതിഥി തൊഴിലാളികളുമായി ഇന്ന് പുറപ്പെടാനിരുന്ന ട്രെയിനുകൾ ഉത്തർപ്രദേശ്, ബിഹാർ സർക്കാരുകളുടെ അനുവാദം ലഭിക്കാത്തതിനെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് പുനക്രമീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ട്രെയിനുകൾ റദ്ദാക്കിയെന്ന വ്യാജ സന്ദേശം പ്രചരിച്ചതാണ് തൊഴിലാളികൾ പ്രതിഷേധിക്കാൻ കാരണമായത്.