ന്യൂഡൽഹി: നിലവിലുള്ള ലോക് ഡൗൺ രണ്ടാഴ്ച്ചത്തേക്ക് കൂടി തുടരാനുള്ള സാധ്യതകൾ നിലനിൽക്കെ രാജ്യത്ത് കൂടുതൽ സേവനങ്ങൾ നിര്‍ത്തലാക്കേണ്ടതുണ്ടോ എന്നതിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർച്ച് 24 ന് പ്രഖ്യാപിച്ച ലോക് ഡൗൺ കർശനമായി നടപ്പാക്കുന്നതിന് കേന്ദ്രം സ്വീകരിച്ച നടപടികളെക്കുറിച്ചും ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചു. ലോക് ഡൗണിൽ നിന്ന് ഒഴിവാക്കിയ സേവനങ്ങളെക്കുറിച്ചും ആളുകളെ കുറിച്ചും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക് ഡൗണിന്‍റെ വിവിധ വശങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളിൽ നിന്ന് ചില വിഭാഗങ്ങൾക്കും സേവനങ്ങൾക്കും ഇളവുകൾ നൽകേണ്ട ആവശ്യകത ഉണ്ടോയെന്നും ഇക്കാര്യങ്ങൾ വ്യക്തമായി അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളോടും ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളിൽ ബിഹാർ ഉൾപ്പെടെയുള്ള ഏതാനും സംസ്ഥാന സർക്കാരുകൾ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. ആരോഗ്യം, ശുചിത്വം, പൊലീസ്, മീഡിയ, ബാങ്ക് തുടങ്ങിയ സേവനങ്ങൾക്ക് പുറമെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുടങ്ങിയവയെ ലോക് ഡൗണിൽ നിന്ന് ഒഴിവാക്കിയിരുന്നു.