ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷക്ക് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍.
സ്ത്രീ സുരക്ഷക്ക് വേണ്ടി ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ക്രിമിനല്‍ നിയമം (2013) ഭേദഗതി ചെയ്തിരുന്നു. ഇത് പ്രകാരം 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കണമെന്നായിരുന്നു ഭേദഗതി. മാത്രവുമല്ല, ഇത്തരം കേസുകളില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ നിയമം പറയുന്നുവെന്നും മന്ത്രി പറഞ്ഞു.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ തുടങ്ങിയ എട്ട് നഗരങ്ങളിൽ 'സേഫ് സിറ്റി പ്രോജക്ടുകൾ' തുടങ്ങി. അശ്ലീല ഉള്ളടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം സൈബര്‍ ക്രൈം പോര്‍ട്ടല്‍ ആരംഭിച്ചു. ലൈംഗിക കുറ്റവാളികളെ അന്വേഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും സഹായിക്കുന്നതിനായി ദേശീയ കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന പട്ടിക രൂപീകരിച്ചു. സമയബന്ധിതമായി അന്വേഷണം നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിങ് സിസ്റ്റം എന്ന പേരില്‍ ഓണ്‍ലൈന്‍ അനലിറ്റിക് തുടങ്ങി.
മെഡിക്കൽ സഹായം, പൊലീസ് സഹായം, ലീഗൽ കൗൺസിലിംഗ് , കോടതി വ്യവഹാരം, സൈക്കോ-സോഷ്യൽ കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്നതിന് വണ്‍ സ്റ്റോപ്പ് പദ്ധതി രൂപീകരിച്ചു. ഇത്തരം 595 കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.