ന്യൂഡൽഹി: 200 ചൈനീസ് കമ്പനികളെ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ നിന്നും തടഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ നടന്ന ചൈനീസ് ആക്രമണത്തെ തുടർന്നാണ് തീരുമാനം. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇൻഡസ്ട്രി ആന്‍റ് ഇന്‍റേണൽ ട്രേഡ് (ഡിപിഐഐടി) തയ്യാറാക്കിയ പുതിയ ചട്ടങ്ങൾ പാലിച്ചാണ് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ രാജ്യത്ത് നിക്ഷേപം നടത്താൻ സാധിക്കൂ എന്ന് ഏപ്രിലിൽ പുറത്തിറക്കിയ ഡിപിഐഐടി ഉത്തരവിൽ പറയുന്നുണ്ട്.
ഏപ്രിൽ മുതൽ 200 ചൈനീസ് കമ്പനികൾ രാജ്യത്ത് നിക്ഷേപം നടത്താൻ അനുമതി തേടിയതായി വ്യത്തങ്ങൾ പറയുന്നു. മാധ്യം, ടെലികമ്മ്യൂണിക്കേഷൻ, പ്രതിരോധം എന്നീ മേഖലകളിലാണ് ചൈനീസ് കമ്പനികൾ നിക്ഷേപം നടത്താൻ അനുമതി തേടിയത്. എന്നാൽ ഒരു കമ്പനിക്ക് പോലും സർക്കാർ അനുമതി നൽകിയിട്ടില്ല. നിലവിൽ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിനാണ് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നത്.