ന്യൂഡൽഹി: അതിഥി തൊഴിലാളികൾ റോഡുകളിലും റെയിൽവെ ട്രാക്കുകളിലും നടക്കുന്നത് കണ്ടാൽ അവർക്ക് ഭക്ഷണവും പാർപ്പിട സൗകര്യവും നൽകണമെന്നും സ്വന്തം നാടുകളിൽ എത്തിച്ചേരാൻ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
റോഡുകളിലും, റെയിൽവെ ട്രാക്കുകളിലും അതിഥി തൊഴിലാളികളുടെ സഞ്ചാരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴുമുണ്ടെന്ന് കേന്ദ്ര സംസ്ഥാന സെക്രട്ടറി അജയ് ഭല്ല സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളികളെ കണ്ടാൽ ഉചിതമായ നിർദേശം നൽകി അവരെ അടുത്തുള്ള ഷെൽട്ടറുകളിലേക്ക് മാറ്റാനും ഭക്ഷണം കൊടുക്കാനും കേന്ദ്രം നേരത്തെ നിർദേശിച്ചിട്ടുണ്ട്.
സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസുകളും ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളും ഇതിനകം തന്നെ അനുവദിച്ചിട്ടുണ്ടെന്ന് അജയ് ഭല്ല പറഞ്ഞു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെ റെയിൽവെ മന്ത്രാലയം പ്രതിദിനം നൂറിലധികം ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്നും ആവശ്യാനുസരണം അധിക ട്രെയിനുകൾ ക്രമീകരിക്കാൻ തയാറാണെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. റോഡുകളിലും റെയിൽവെ ട്രാക്കുകളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കേണ്ടത് സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.