അഹമ്മദാബാദ്: അഹമ്മദാബാദ് നഗരത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ കർഫ്യൂ കണക്കിലെടുത്ത് നവംബർ 21,22 തീയതികളിൽ നഗരത്തിലെ മെട്രോ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. നവംബർ 23 തിങ്കളാഴ്ച മെട്രോ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. നഗരത്തിലെ കൊവിഡ് -19 നിയന്ത്രണ വിധേയമാക്കുന്നതിനായി നവംബർ 20 ന് രാത്രി 9 മുതൽ നവംബർ 23 രാവിലെ 6 വരെയാണ് അഹമ്മദാബാദിൽ കർഫ്യൂ.ഈ കാലയളവിൽ, പാലും മരുന്നും വിൽക്കുന്ന കടകൾ മാത്രമേ തുറന്നിരിക്കാൻ അനുവദിക്കൂ.
സമ്പൂർണ്ണ കർഫ്യൂ അവസാനിച്ചതിനുശേഷവും കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതുവരെ രാത്രി കർഫ്യൂ പ്രാബല്യത്തിൽ തുടരുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാർ ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഹമ്മദാബാദിലെ കൊവിഡ് -19 പകർച്ചവ്യാധി നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ഗുജറാത്ത് സർക്കാരും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും മറ്റ് ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ സ്കൂളുകള്‍ നവംബർ 23 മുതൽ വീണ്ടും തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ തുറക്കുന്നത് മാറ്റിവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.