ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള എന്നിവരുടെ ആവശ്യത്തെ വിമർശിച്ച് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുല്ലയ്ക്കും ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്ന് ജോഷി പറഞ്ഞു.
കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കണമെന്ന് എൻസി പ്രസിഡന്‍റ് ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ഏതാനും ആഴ്ചകളായി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മെഹ്ബൂബ മുഫ്തി, സഞ്ജാദ് ലോൺ, മറ്റ് പ്രാദേശിക ഗ്രൂപ്പുകൾ എന്നിവരുമായി "ഗുപ്കർ ഡിക്ലറേഷൻ" എന്ന പേരിൽ ഒരു സഖ്യം രൂപീകരിക്കുന്നതായും അബ്ദുള്ള നേരത്തെ പ്രഖ്യാപിച്ചു. പോരാട്ടം ഭരണഘടനാപരമാണെന്നും ജനങ്ങളുടെ എല്ലാ അവകാശങ്ങളും തിരികെ നൽകണമെന്ന് ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെടുന്നതായും ഇവർ അറിയിച്ചു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ഒക്ടോബർ 24ന് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ രൂപീകരിച്ചെന്നും മെഹ്ബൂബ മുഫ്തി അതിന്‍റെ വൈസ് പ്രസിഡന്‍റാകുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.