കല്‍ബുര്‍ഗി (കര്‍ണാടക): സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കൃഷിപ്പണിക്കാരനായി ഒരു പൊലീസ് കോണ്‍സ്‌റ്റബിള്‍. കല്‍ബുര്‍ഗി ജില്ലയിലെ നന്ദിക്കൂര്‍ ഗ്രാമത്തിലുള്ള ശരണ്‍ഗൗഡ പാട്ടീലാണ് സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് മണ്ണിലേക്കിറങ്ങിയത്. 2016ല്‍ പൊലീസിലെ ജോലി രാജിവച്ച ശരണ്‍ഗൗഡ ഇന്ന് പൂകൃഷിയും എണ്ണമില്ലുമൊക്കെയായി ഒരു മികച്ച കര്‍ഷകനാണ്.
ബിരുദാനന്തര ബിരുദം സ്വന്തമാക്കിയതിന് ശേഷം 2014ലാണ് ശരണ്‍ഗൗഡ പൊലീസില്‍ ചേര്‍ന്നത്. എന്നാല്‍ പൊലീസ് ജോലിയോടുള്ള താല്‍പര്യം നഷ്‌ട്ടപ്പെട്ട ശരണ്‍ഗൗഡ മൂന്ന് വര്‍ഷത്തിനിപ്പുറം 2016ല്‍ ജോലി രാജിവച്ചു. തുടര്‍ന്നാണ് കൃഷി ആരംഭിച്ചത്. തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ കൃഷി വിജയമായി. നാട്ടുകാരുടേയും ബന്ധുക്കളുടെയും പിന്തുണ കൂടി ലഭിച്ചതോടെ ശരണ്‍ഗൗഡ കൃഷി വ്യാപിപ്പിച്ചു. ഇന്ന് സര്‍ക്കാര്‍ ജോലിയേക്കാള്‍ ഇരട്ടി വരുമാനം ശരണ്‍ഗൗഡ മണ്ണില്‍ നിന്ന് നേടിയെടുക്കുന്നുണ്ട്.
മനസിനുള്ള സന്തോഷമാണ് കൃഷിയില്‍ നിന്നും തനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമെന്നാണ് ശരണ്‍ഗൗഡ പറയുന്നത്. ജീവിതം വളരെ നന്നായി മുന്നോട്ട് പോകുന്നു. ജോലിയില്ലാതെ അലയുന്ന യുവാക്കള്‍ വിഷമിക്കാതെ മണ്ണിലേക്കിറങ്ങണമെന്നും ശരണ്‍ഗൗഡ അഭിപ്രായപ്പെടുന്നു . ഇഷ്‌ടമില്ലാത്ത ജോലി ചെയ്യുന്ന ഒരുപാട് ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം സാഹചര്യങ്ങളോട് കഷ്‌ടപ്പെട്ട് പൊരുത്തപ്പെടാതെ ഇഷ്‌മുള്ള ജോലികളിലേക്ക് മാറാന്‍ എല്ലാവരും ധൈര്യം കാണിക്കണമെന്നും ശരണ്‍ഗൗഡ പറയുന്നു.
ഇന്ന് കൃഷിക്കാര്‍ക്ക് മാത്രമല്ല ഗ്രാമത്തിലെ എല്ലാ യുവാക്കള്‍ക്കും മാതൃകയായി മാറിയിരിക്കുകയാണ് ശരണ്‍ഗൗഡ. നിരവധി ചെറുപ്പക്കാര്‍ ശരണിനൊപ്പം ഗ്രാമത്തിലെ മണ്ണില്‍ പൊന്നുവിളയിക്കുന്നു.