ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള അവസാന വട്ട വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മുന്നണി രൂപീകരണ ചർച്ചകൾ സജീവമാക്കി പ്രതിപക്ഷം. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ കോൺഗ്രസിനെ കൂടി സഹകരിപ്പിച്ചുകൊണ്ട് ചർച്ചകൾ നടത്താൻ പ്രതിപക്ഷ പാർട്ടികൾക്കിടയില്‍ ധാരണ. എന്നാല്‍ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തില്‍ മുന്നണി രൂപീകരണ ചർച്ചകൾക്ക് സാധ്യതയില്ലെന്ന വിലയിരുത്തല്‍ പ്രതിപക്ഷ പാർട്ടികൾക്കിടയില്‍ ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ബി എസ് പി അധ്യക്ഷ മായാവതി നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. പകരം ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി മായാവതി കൂടിക്കാഴ്ച നടത്തും. സഖ്യ ചർച്ചകൾക്കായി മായാവതി സോണിയ ഗാന്ധിയുമായി കൂടിക്കഴ്ച നടത്തുമെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഇത് തള്ളി ബി എസ് പി രംഗത്തെത്തിയത്.
അതേസമയം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന സഖ്യചർച്ചകൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ നാളെ നടത്താനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റി വച്ചിട്ടുണ്ട്. വോട്ടെണ്ണലിനു ശേഷം മതി ചർച്ചകളെന്ന് തീരുമാനം.
.