മുംബൈ: തീപിടുത്തമുണ്ടായ മുംബൈയിലെ മാളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന സേന അധികൃതർ. മുംബൈ സെൻട്രലിലെ സിറ്റി സെന്‍റർ മാളിൽ വ്യാഴാഴ്ച രാത്രി 8.53 ഓടെയുണ്ടായ തീപിടിത്തത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല. ലെവൽ -5 ലാണ് തീ പടർന്നത്. അഗ്നിശമന സേനാംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 250 ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടു. 24 ഫയർ എഞ്ചിനുകളും ഒന്നിലധികം ജംബോ ടാങ്കുകളും ഉൾപ്പെടെ 50 വാഹനങ്ങൾ തീ അണയ്ക്കാൻ വിന്യസിച്ചു.
മൊബൈൽ ഫോൺ ആക്‌സസറികൾ വിൽക്കുന്ന കടകളാണ് മാളിൽ പ്രധാനമായും ഉള്ളത്. അതേസമയം, മാളിന് അടുത്തുള്ള 55 നില കെട്ടിടത്തിൽ നിന്നുള്ളവരെയും ഒഴിപ്പിച്ചതായി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച നഗരത്തിൽ ഉണ്ടായ രണ്ടാമത്തെ തീപിടിത്തമാണിത്. കുർള വെസ്റ്റിലെ ഒരു വസ്ത്രശാലയിലും തീപിടിത്തമുണ്ടായിരുന്നു.