ന്യൂഡൽഹി: വാഹനത്തിൽ തനിച്ച് സഞ്ചരിക്കാൻ മാസ്‌ക് നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. കാറിൽ തനിച്ച് സഞ്ചരിക്കവെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കിയതിനെ ചോദ്യം ചെയ്‌ത് അഡ്വ.സുരഭ് ശർമ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശപ്രകാരം മന്ത്രാലയം മറുപടി നൽകിയത്.
തനിച്ച് വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് ധരിക്കുന്നതിനെ സംബന്ധിച്ച് യാതൊരു നിർദ്ദേശങ്ങളും നൽകിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യം സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും അതുകൊണ്ട് കേസിൽ നിന്ന് ഒഴിവാക്കണമെന്നും മന്ത്രാലയം കോടതിയെ അറിയിച്ചു. എന്നാൽ നേരത്തെ ഇതേ വിഷയത്തിൽ പൊതു-സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധമാണെന്നും അതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.