ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാകുമ്പോൾ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങൾ കയറ്റി അയയ്ക്കുന്നതിനെതിരെ കോൺഗ്രസ്. സെര്‍ബിയക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാനുള്ള തീരുമാനത്തെയാണ് കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി വിമർശിച്ചത്. ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപകരണങ്ങളില്ലാതെ വിഷമിക്കുമ്പോഴാണ് ഇത്തരമൊരു പ്രവൃത്തി കേന്ദ്രസർക്കാർ കാണിക്കുന്നത്. ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാതെ നിങ്ങളെന്തിന് ഉപകരണങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നു എന്നും അദ്ദേഹം ചോദിച്ചു.
90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി എയര്‍ ഇന്ത്യ വിമാനം ജര്‍മനിയിലേക്കും സെര്‍ബിയയിലേക്കും പോകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മനീഷ് തിവാരിയുടെ വിമർശനം അടങ്ങിയ ട്വീറ്റ്. ഇത് കുറ്റകരമായ കാര്യമാണെന്നും തിവാരി ട്വീറ്റ് ചെയ്തു. കൊറോണ വൈറസിനെതിരെ പോരാടാനായി ദക്ഷിണ കൊറിയ തുര്‍ക്കി, വിയറ്റ്നാം തുടങ്ങിയ രാഷ്ട്രങ്ങളിലെ മെഡിക്കല്‍ ഉത്പന്ന വിതരണക്കാരെ കണ്ടെത്തുകയാണ് ആരോഗ്യ മന്ത്രാലയം. വ്യേമയാന മന്ത്രാലയം മെഡിക്കല്‍ ഉത്പന്ന വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയില്‍ നിലവില്‍ 1397 കൊവിഡ്-19 കേസുകളാണുള്ളത്. 146ല്‍ അധികം പേരാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കള്ളില്‍ ചികിത്സ തേടി എത്തിയത്. 35 പേര്‍ മരിക്കുകയും 123 പേര്‍ ആശുപത്രി വിടുകയും ചെയ്തുവെന്നാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചത്.