മണിപ്പൂരിലെ ക്രിസ്ത്യന്‍ മിഷണറി സ്കൂള്‍ തീയിട്ടു നശിപ്പിച്ചു. കാക്ചിങ് ജില്ലയിലെ സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ററി സ്കൂളാണ് തീയിട്ട് നശിപ്പിച്ചത്. സ്കൂളിലെ പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരുന്ന രണ്ടു മുറികള്‍ ഉള്‍പ്പെടെ 10 മുറികള്‍ കത്തി നശിച്ചു.
അച്ചടക്കലംഘനത്തെ തുടര്‍ന്ന് സ്കൂളിലെ ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂള്‍ കത്തിക്കാനുള്ള ശ്രമം നടക്കുന്നത്. സമൂഹമാധ്യമത്തിലൂടെ സ്കൂളിനെയും അധ്യാപികയെയും അപമാനിക്കാന്‍ ശ്രമിച്ചതിനായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇവര്‍ സംഭവത്തിന് പിന്നിലുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കത്തി നശിച്ച സ്കൂള്‍ കെട്ടിടം ഉടന്‍ പുനര്‍നിര്‍മിക്കുമെന്നും സംസ്ഥാന മന്ത്രി ലെറ്റ്പാവോ ഹവോകിപ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.