ബംഗളൂരു: കർണാടകയില്‍ കൊവിഡ് 19 സംശയത്തെ തുടർന്ന് ചികിത്സയിലായിരുന്ന രോഗിയെ കാണാതായി. ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനെ കൊവിഡ് 19 രോഗ ലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടുത്ത പനിയെ തുടർന്ന് ജില്ലയിലെ വെൻലോക് ആശുപത്രിയിലാണ് ഞായറാഴ്‌ച ഇയാളെ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ ആശുപത്രി അധികൃതരുമായി രോഗമില്ലെന്ന് വാക്ക് തർക്കം നടത്തിയ ഇയാൾ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാമെന്നും പറഞ്ഞ് പോകുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. രോഗിയെ 24 മണിക്കൂർ നിരീക്ഷിക്കുമെന്നും പരിശോധനകൾക്ക് ശേഷം വിട്ടയക്കുമെന്നും നേരത്തെ ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസർ സിക്കന്ദർ പാഷ അറിയിച്ചിരുന്നു. ജില്ലാ ആരോഗ്യ വകുപ്പിന്‍റെ പരാതിയെ തുടർന്ന് ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.