റായ്‌പൂർ: ഛത്തീസ്ഗലെ സൂരജ്‌പൂരിൽ മുൻ പഞ്ചായത്ത് അംഗത്തെ കാട്ടാനക്കൂട്ടം ചവിട്ടി കൊന്നു. പ്രതപ്പൂർ വനമേഖലയിലെ പഖ്‌നി ഗ്രാമവാസിയായ ശങ്കർ സിങ്ങിന്‍റെ (60) മൃതദേഹം വ്യാഴാഴ്ച കാട്ടിൽ നിന്ന് നാട്ടുകാർ കണ്ടെത്തി. ജൂലായ് ആറിന് കാൽനടയായി പരമേശ്വർ ഗ്രാമത്തിലേക്ക് പോയ സിങ്ങ് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തി വരികയായിരുന്നു.
ശരീരത്തിന് ചുറ്റും ആനകളുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കാട്ടാന ആക്രമണമാണെന്ന നിഗമനത്തിലെത്തിയതെന്ന് അധികൃതർ പറഞ്ഞു.
റായ്പൂരിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് കൊരാബയുടെ അയൽ ജില്ലയായ സൂരജ്‌പൂർ സ്ഥിതി ചെയ്യുന്നത്. മരിച്ചയാളുടെ ബന്ധുക്കൾക്ക് 25,000 രൂപ സഹായധനം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കനത്ത വനപ്രദേശമായ സർഗുജ, സൂരജ്പൂർ, കോർബ, റായ്ഗഡ്, ജാഷ്പൂർ, ബൽറാംപൂർ, കൊറിയ ജില്ലകളിൽ നിരവധി കാട്ടാന ആക്രമണങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.