ഷിംല: ഹിമാചൽ പ്രദേശിൽ മക്കളുടെ ഓൺലൈൻ വിദ്യഭ്യാസത്തിനായി വരുമാന മാർഗമായ പശുവിനെ വിറ്റ് സ്‌മാർട്ട് ഫോൺ വാങ്ങി പിതാവ്. സംസ്ഥാനത്തെ കാൻഗ്ര സ്വദേശിയായ കുൽദീപാണ് മക്കളുടെ പഠനത്തിന് തടസം വരാതെയിരിക്കാനായി 6000 രൂപക്ക് പശുവിനെ വിറ്റത്. കുൽദീപിന് നാലാം ക്ലാസിൽ പഠിക്കുന്ന മകളും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമാണ് ഉള്ളത്. കൊവിഡിനെ തുടർന്ന് ഓൺലൈൻ രീതിയിൽ ക്ലാസുകൾ പുനരാരംഭിച്ചപ്പോൾ സമീപത്തുള്ള മറ്റ് കുട്ടികളുടെ വീടുകളിൽ പോയിരുന്നു. എന്നാൽ ഇത് തുടരാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് പശുവിനെ വിറ്റ് സ്‌മാർട്ട് ഫോൺ വാങ്ങിയത്.
ഒറ്റമുറിയിലാണ് കുടുംബം താമസിക്കുന്നത്. നട്ടെല്ലിലെ പ്രശ്‌നങ്ങൾ മൂലം കുൽദീപിന് ജോലിക്ക് പോകാൻ സാധിക്കില്ല. ബിപിഎൽ ലിസ്റ്റിൽ നിന്നും പേര് നീക്കം ചെയ്യപ്പെട്ട ഇവർ വളർത്തുമൃഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിത ചെലവുകൾ നടത്തുന്നത്. ഒരു മുറിക്കുള്ളിൽ കുടുംബവും മറ്റൊരു മുറിയിൽ വളർത്തുമൃഗങ്ങളുമാണെന്നും ഈ സാഹചര്യത്തിൽ ഭരണകൂടം സഹായിക്കണമെന്നും കുൽദീപ് പറഞ്ഞു. ബിപിഎൽ ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്‌ത നടപടിയെ കുൽദീപ് വിമർശിച്ചു.
ഇടിവി വാർത്ത റിപ്പോർട്ടിനെ തുടർന്ന് നിരവധി പേരാണ് കുൽദീപിനും കുടുംബത്തിനും സഹായമായെത്തുന്നത്. സ്ഥലം എംഎൽഎ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തിന് ഉറപ്പുനൽകി.