ബെംഗളൂരു: ബെംഗളൂരിൽ ഇറച്ചിക്കടയിൽ നിന്നും മോഷ്ടിച്ച കത്തി ഉപയോഗിച്ച് ആളുകളെ വെട്ടിപ്പരിക്കേൽപ്പിച്ച ആൾ അറസ്റ്റിൽ. മുപ്പത്തിയഞ്ച് വയസുള്ള ഗണേഷാണ് അറസ്റ്റിലായത്. ആക്രണത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാൾ ആശുപത്രിയിൽ വെച്ചും കൊല്ലപ്പെട്ടു. മറ്റ് നാല് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അഞ്ജനപ്പ ഗാർഡൻ, ബക്ഷി ഗാർഡൻ, ബാലെകായ് മണ്ഡി എന്നിവയ്ക്ക് ചുറ്റും രണ്ട് കിലോമീറ്ററോളം നടന്ന അക്രമി വഴിയിൽ കണ്ടവരെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതി മാനസിക രോഗി ആണെന്ന് കുടുംബം ആരോപിച്ചതായും മെഡിക്കൽ റിപ്പോർട്ട് വന്നാല്‍ ഇക്കാര്യം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു.