ചെന്നൈ: ജീവനോടെ മീനിനെ വിഴുങ്ങാൻ ശ്രമിച്ച 22കാരൻ മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലാണ് സംഭവം. ഹൊസൂര്‍ സ്വദേശിയായ വെട്രിവേല്‍ ആണ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു ഇയാൾ. ജൂൺ 10ന് വെട്രിവേലും സുഹൃത്തുക്കളും മീൻപിടിക്കാനായി തെർപേട്ടൈ പ്രദേശത്തെ നദിക്കരയില്‍ പോവുകയും മദ്യപിക്കുകയും ചെയ്‌തു. അവിടെ വച്ച് സുഹൃത്തുക്കൾക്കൊപ്പം ടിക് ടോക് വീഡിയോ പകര്‍ത്താൻ വേണ്ടി വെട്രിവേല്‍ ജീവനുള്ള മീനിനെ വിഴുങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
ഇയാളുടെ തൊണ്ടയില്‍ മീൻ കുടുങ്ങുകയും ശ്വാസതടസമുണ്ടാവുകയും ചെയ്‌തു. തുടര്‍ന്ന് ഹൊസൂരിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം ചെയ്‌തപ്പോൾ ചത്ത മത്സ്യത്തെ തൊണ്ടയിൽ നിന്ന് പുറത്തെടുത്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും കണ്ടെത്തിയിട്ടില്ലെന്നും വെട്രിവേലിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.