ഷില്ലോങ് : മേഘാലയയിലെ പൈര്‍ക്കിനില്‍ മൂന്നംഗ അജ്ഞാത സംഘം വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉഫാസ് ഉദ്ദിനെയാണ് മൂന്നംഗ അക്രമിസംഘം കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഉഫാസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഖാസി സ്റ്റുഡന്‍റ്സ് യൂണിയനും ചില സംഘടനകളും ചേര്‍ന്ന് നടത്തിയ പ്രതിഷേധ റാലിയില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതിനെ ഗോത്ര ഇതര വിഭാഗം എതിര്‍ത്തതോടെ ഉണ്ടായ സംഘര്‍ഷത്തില്‍ കെ.എസ്.യു നേതാവ് ലുര്‍ഷോയ് ഹിന്നിവിറ്റ കൊല്ലപ്പെട്ടു. തുടര്‍ന്ന് സംഘര്‍ഷം വ്യാപിച്ചതോടെ കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ഇന്‍റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കുകയും ചെയ്തു. പ്രശ്നബാധിത പ്രദേശങ്ങളില്‍ പൊലീസിനൊപ്പം അര്‍ധ സൈനികരേയും വിന്യസിച്ചിട്ടുണ്ട്.