ചെന്നൈ: തായ്‌ലൻഡിൽ നിന്നും ജീവികളെ കടത്തിക്കൊണ്ട് വന്നയാളെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. മുഹമ്മദ് മൊയ്‌ദീൻ എന്നയാളാണ് പിടിയിലായത്. വംശനാശഭീഷണി നേരിടുന്ന എലി, ഓന്ത് വിഭാഗത്തിൽപെട്ട ജീവികളെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. വിദേശത്ത് നിന്നും ജീവികളെ കടത്തുന്നുവെന്ന രഹസ്യവിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.
പ്രതി സംശയാസ്‌പദമായ രീതിയിൽ പുറത്തേക്ക് കടക്കുന്നത് ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഒരു ചുവന്ന അണ്ണാൻ, 12 കങ്കാരു എലികൾ, മൂന്ന് പ്രയ്‌റി ഇനം നായകൾ, അഞ്ച് നീല ലഗൂന എന്നീ ജീവികളെയാണ് കടത്താൻ ശ്രമിച്ചത്. ജീവികളെയെല്ലാം തായ്‌ലൻഡിലേക്ക് തിരിച്ചയക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.