ലക്‌നൗ: യുപിയിലെ ഹാമിർപൂരിൽ 21കാരനെ ട്രാക്ടർ കയറ്റി കൊന്നു. അമിത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ജില്ലയിലെ ചിക്കാസി പൊലീസ് സ്റ്റേഷന് കീഴിലുള്ള ബിൽഗാൻവ് ദന്ദ ഗ്രാമത്തിലാണ് സംഭവം. ധീർ സിംഗ് എന്നയാളാണ് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന അമിത്തിനെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപ്പെടുത്തിയത്. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് കൊലപാതകം നടത്തിയത്.
ധീർ സിംഗിന്‍റെ വണ്ടി എതിർ ദിശയിൽ നിന്ന് വരുന്നത് കണ്ട് മോട്ടോർ സൈക്കിളിൽ വന്ന അമിത്ത് വണ്ടി നിർത്തി വശത്തേക്ക് മാറിയിരുന്നു. എന്നാൽ ധീർ സിംഗ് മനപൂർവം ട്രാക്ടർ മുന്നോട്ടെടുത്ത് അമിത്തിന്‍റെ ദേഹത്ത് കയറ്റി കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും തമ്മിൽ മുമ്പ് തർക്കം നിലനിന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ധീർ സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഇയാളുടെ ട്രാക്ടര്‍ പിടിച്ചെടുത്തതായും അധികൃതർ പറഞ്ഞു. ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.