തെലങ്കാന: ഹൈദരാബാദിലെ പൊലീസ് സ്റ്റേഷന് മുന്നിൽ 20കാരൻ തീകൊളുത്തി. ചന്ദ്രയംഗുട്ട സ്വദേശി ഷബ്ബീർ (20) ആണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയത്. മൊബൈൽ ഫോൺ മോഷണകേസിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. പ്രദേശത്തെ പെട്രോൾ പമ്പിൽ നിന്ന് ഫോൺ വിളിക്കുകയായിരുന്ന പി. നരേഷ് ഗൗഡിൽ നിന്ന് ആരോ ഫോൺ തട്ടിയെടുത്തു. തുടർന്ന് നരേഷ് ഗൗഡയും സഹോദരൻ ചന്ദ്ര ശേഖറും ചേർന്ന് ഷബ്ബീറിനെ ചന്ദ്രയംഗുട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു സെൽ ഫോൺ, പോക്കറ്റ് കത്തി, ചെറിയ അളവിൽ കഞ്ചാവ് എന്നിവ കണ്ടെത്തി. എന്നാൽ പരാതിക്കാരുടെ മൊബൈൽ ഫോൺ ഇയാളുടെ പക്കൽ നിന്നും കിട്ടിയില്ല. പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചതിനെ തുടർന്ന് ഇയാളെ വീട്ടിലേക്ക് അയച്ചതായി ചന്ദ്രയംഗുട്ട പൊലീസ് ഇൻസ്‌പെക്ടര്‍ രുദ്ര ഭാസ്‌കർ പറഞ്ഞു.
കുറച്ച് സമയങ്ങൾക്ക് ശേഷം പെട്രോളുമായി പൊലീസ് സ്റ്റേഷന്‍റെ മുന്നിൽ വന്ന പ്രതി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകത്തിക്കുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അഡീഷണൽ ഇൻസ്‌പെക്ടര്‍ കെഎൻ പ്രസാദ് വർമ്മക്കും പൊലീസ് കോൺസ്റ്റബിൾ എസ് സായിരക്കും പരിക്കേറ്റു. 30 ശതമാനം പൊള്ളലേറ്റ ഷബ്ബീറിനെ ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ എട്ട് ക്രിമിനൽ കേസുകളുണ്ടെന്ന് ഇൻസ്‌പെക്ടര്‍ പറഞ്ഞു.