കൊൽക്കത്ത: കൊവിഡും ഉംപുൻ ചുഴലിക്കാറ്റും പ്രതിരോധിക്കുന്നതിൽ കൂട്ടായി പ്രവർത്തിച്ച ബംഗാളിലെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി മമത ബാനർജി. പ്രതിസന്ധികൾ തെറ്റായി കൈകാര്യം ചെയ്തുവെന്നാരോപിച്ചുള്ള പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബംഗാളിലെ ജനങ്ങളെ പ്രശംസിച്ച് മമത രംഗത്തെത്തിയത്. പ്രകൃതിദുരന്തത്തെയും ആഗോള മഹാമാരിയെയും ബംഗാൾ ജനത സധൈര്യം നേരിട്ടു. ഈ പ്രതിസന്ധികളിൽ നിന്ന് ബംഗാൾ ഉയർന്നുവരുമെന്നും മമത ട്വീറ്റ് ചെയ്തു. ഈ ശ്രമകരമായ സമയങ്ങളിൽ മുന്നിൽ നിന്ന് നയിച്ച എല്ലാവർക്കും മമത ബാനർജി നന്ദിയും അറിയിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ ബസുകളിലെ തിരക്ക് ഒഴിവാക്കാനും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർ കഴിയുന്നത്ര വീടുകളിൽ നിന്ന് ജോലി ചെയ്യാനും മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിൽ വ്യാഴാഴ്ച 440 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 9,768 ആയി. ദുരിതബാധിതർക്കിടയിൽ ദുരിതാശ്വാസ വസ്തുക്കള്‍ അനുചിതമായി വിതരണം ചെയ്തെന്നും തെറ്റായ കൊവിഡ് കണക്കുകള്‍ നൽകിയെന്നും ആരോപിച്ച് ബിജെപിയിൽ നിന്ന് മമത സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.