ചെന്നെെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങുമായി ഇന്ന് നടക്കുന്ന രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിക്കായി പുരാതന തീരദേശ പട്ടണമായ മാമല്ലപുരം ഒരുങ്ങിക്കഴിഞ്ഞു. പൊലീസും സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയ നിരയാണ് ഉച്ചകോടിയുടെ സുരക്ഷക്കായി സജ്ജമായിരിക്കുന്നത്. കൂടിക്കാഴ്ചക്കായി ബുള്ളറ്റ് പ്രൂഫ് താൽക്കാലിക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സുരക്ഷ സജ്ജീകരണങ്ങൾ വിലയിരുത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ വൈകുന്നേരം മഹാബലിപുരം സന്ദർശിച്ചിരുന്നു.
ഈസ്റ്റ് കോസ്റ്റ് റോഡിൽ മാമല്ലപുരത്തിൻ്റെ പ്രവേശന കവാടത്തിൽ ഇരുവരെയും സ്വാഗതം ചെയ്യാൻ അലങ്കാര കമാനവും ഒരുക്കിയിട്ടുണ്ട്. പ്രസിഡൻ്റ് ഷി ജിൻ പിങ് താമസിക്കാൻ പോകുന്ന ഐടിസി ഗ്രാൻഡ് ചോള ഹോട്ടലില്‍ വാഴയും കരിമ്പും കൊണ്ട് നിർമ്മിച്ച പരമ്പരാഗത കമാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ അഞ്ഞൂറോളം കലാകാരന്മാർ 'ടാപ്പു' എന്ന ഫോക് ഡ്രം ആർട്ട് ഡിസ്പ്ലേയോടെയാണ് ഷി ജിൻ പിങിനെ സ്വാഗതം ചെയ്യുക. ഭരതനാട്യം, കഥകളി പ്രകടനങ്ങൾ എന്നിവയുൾപ്പെടെ മറ്റ് സാംസ്കാരിക പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഷോർ ക്ഷേത്രത്തിൽ സാംസ്‌കാരിക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.