ഭോപ്പാൽ: മലേഗാവ് സ്ഫോടന കേസ് പ്രതിയായ പ്രഗ്യാ സിംഗ് താക്കൂറിനെ എംപിയാക്കുന്നതിലല്ല, മറിച്ച് സര്‍ക്കാരിന്‍റെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നതിലാണ് തെറ്റെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കർ. മധ്യപ്രദേശ് വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച സെമിനാറിലാണ് താരം കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയായ പ്രഗ്യാ സിംഗ് താക്കൂര്‍ മലേഗാവ് സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ്. ഈ കേസില്‍ ജാമ്യത്തിലാണ് പ്രഗ്യാ സിംഗ്. തീവ്രവാദ പ്രതിയെ എംപിയാക്കി പാർലമെന്‍റിലേക്ക് അയക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നു. എനിക്ക് വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. സാധാരണ പൗരനെപ്പോലെ ഞാൻ നികുതി അടക്കുന്നുണ്ടെന്നും താരം പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിംഗിനെ തോല്‍പ്പിച്ചാണ് പ്രഗ്യാ ലോക്ഭസയില്‍ എത്തിയത്.