ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷം തൊഴിൽ നിയമങ്ങളും മൂന്നുവർഷത്തേക്ക് റദ്ദാക്കികൊണ്ടുള്ള ഓർഡിനൻസിന് യോഗി ആദിത്യനാഥ് സർക്കാർ അന്തിമ രൂപം നൽകി. സംസ്ഥാനത്ത് നിലവിലുള്ളതും പുതിയതുമായ വ്യവസായ യൂണിറ്റുകളെ സഹായിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ, എംഎസ്എംഇ മന്ത്രി സിദ്ധാർഥ് നാഥ് സിങ് എന്നിവരടങ്ങുന്ന സമിതിയാണ് തൊഴിൽ നിയമങ്ങൾ സംബന്ധിച്ച ശുപാർശകൾക്ക് അന്തിമ രൂപം നൽകിയത്.
സംസ്ഥാനത്തെ മുപ്പതിലധികം തൊഴിൽ നിയമങ്ങൾ താൽക്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള തൊഴിൽ നിയമ ഓർഡിനൻസ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. പുതിയ നിക്ഷേപങ്ങളെ പ്രേത്സാഹിപ്പിക്കാനായി തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു. കൊവിഡ് 19 വ്യാപനം സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും മന്ദഗതിയിലാക്കുകയും ചെയ്‌തു. ദേശീയ ലോക്ക് ഡൗൺ ബിസിനസുകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു.
നാല്‍പതിലധികം തൊഴിൽ നിയമങ്ങളുണ്ടെന്നും അവയിൽ ചിലത് ഇപ്പോൾ അനാവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതിൽ എട്ട് എണ്ണം ഓർഡിനൻസിന് കീഴിൽ നിലനിർത്തുന്നുണ്ട്. 1976ലെ ബോണ്ടഡ് ലേബർ ആക്‌ട്, 1923ലെ എംപ്ലോയി കോമ്പൻസേഷൻ ആക്‌ട്, 1996 ലെ ബിൽഡിങ് ആൻഡ് അതര്‍ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആക്‌ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രസവാവധി അനുവദിക്കുന്ന നിയമം, തുല്യ വേതന നിയമം, ബാലവേല നിയമം, പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം നേടുന്ന ഒരാളുടെ വേതനം കുറയ്ക്കാൻ കഴിയില്ലെന്ന നിയമം തുടങ്ങി സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും നിലനിർത്തിയിട്ടുണ്ട്.
വ്യാവസായിക തർക്കങ്ങൾ പരിഹരിക്കൽ, തൊഴിലാളികളുടെ ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ, കരാർ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവയുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങൾ മൂന്ന് വർഷത്തേക്ക് മരവിപ്പിക്കാനാണ് തീരുമാനം. നിലവിലുള്ള നിയമങ്ങൾ മരവിപ്പിക്കുന്നതിലൂടെ ഫാക്‌ടറി ഉടമകൾക്ക് തൊഴിലാളികളെ ജോലിക്കെടുക്കാനും ജോലിയിൽ നിന്ന് പിരിച്ചുവിടാനും കൂടുതൽ അധികാരങ്ങൾ നൽകുന്നു. ചെറിയ പ്രശ്‌നങ്ങളിൽ ഫാക്‌ടറികളുടെ പരിസരത്ത് റെയ്‌ഡ് ചെയ്യുന്നതിൽ നിന്നും എൻഫോഴ്‌സ്‌മെന്‍റ് വിഭാഗത്തെ പുതിയ ഓർഡിനൻസ് തടയുന്നു.
ലോക്ക് ഡൗൺ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച സമയത്ത് നിയമങ്ങൾ താൽക്കാലികമായി നിർത്തുന്നത് പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള വ്യവസായങ്ങളുടെ പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിനും സഹായിക്കുമെന്ന് തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് അവരുടേതായ നിയമങ്ങൾ രൂപപ്പെടുത്താൻ കഴിയുമെങ്കിലും അവ നടപ്പാക്കാൻ കേന്ദ്രത്തിന്‍റെ അനുമതി ആവശ്യമാണ്. അതിനാൽ ഓർഡിനൻസും കേന്ദ്ര സർക്കാരിന്‍റെ അംഗീകാരത്തിനായി അയക്കും.